ഡബ്ലിൻ: സ്കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇടപെടണമെന്ന് ആവശ്യം. എൻഎപിഡി ( നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പാൾസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പാൾസ് ) ആണ് ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. സമരം സ്കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോർസയുമായുള്ള ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് എൻഎപിഡിയുടെ ആവശ്യം. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും സമരം നീണ്ട് പോകുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എൻഎപിഡി അംഗം പോൾ ക്രോൺ പറഞ്ഞു.
ഫോർസയിൽ അംഗങ്ങളായ 2,600 ഓളം സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് സമരം നടത്തുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്ന പശ്ചാത്തലത്തിൽ ആയിരുന്നു പ്രതിഷേധ സൂചകമായി ഇവർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച സമരം തുടരുകയാണ്.

