മയോ: ലോഫ് കോറിബിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തി. ഐറിഷ് കോസ്റ്റ്ഗാർഡാണ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മത്സ്യബന്ധനത്തിനായി പോയ ക്ലാരെമോറിസ് സ്വദേശിയായ 80 കാരനെ കാണാതെ ആയത്.
ലോഫ് കോറിബിൽ മത്സ്യബന്ധനത്തിനായി പോയ 80 കാരൻ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടർന്നാണ് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ തിരിച്ചൽ നടത്തിയത്. തിരച്ചിലിനൊടുവിൽ മയോ- ഗാൽവെ അതിർത്തി മേഖലയായ കോങ് ആന്റ് കോർ ന മോനയിൽവച്ച് അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
ഉടനെ തന്നെ അദ്ദേഹത്തെ കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ കരയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ബോട്ടും സുരക്ഷിതമായി കരയിൽ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു 80 കാരന് വേണ്ടി തിരച്ചിൽ നടത്തിയത്.

