ഡബ്ലിൻ: ഹോസ്പിറ്റാലിറ്റി മേഖലയിൽ വാറ്റ് ഇളവ് പ്രതീക്ഷിക്കുന്നതായി എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക്. അടുത്ത മാസം ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഇളവിൽ നിന്നും ഹോട്ടലുകളെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയാണ് പുതിയ മാറ്റങ്ങൾ.
രണ്ട് ലക്ഷത്തോളം തൊഴിലുകളാണ് റെസ്റ്റോറന്റ്, കോഫി ഷോപ്പ് തുടങ്ങിയ ബിസിനസുകളെ ആശ്രയിച്ചുള്ളത്. ഈ മേഖല വലിയ വെല്ലുവിളികൾ നേരിട്ടു. വാറ്റിൽ ഇളവ് വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. നിലവിൽ 13.5 ശതമാനം ആണ് വാറ്റ്. ഇത് 9 ശതമാനം ആക്കണമെന്നാണ് ആവശ്യം. ഹോസ്പിറ്റാലിറ്റി മേഖലയുടെ ചില വിഭാഗങ്ങളിൽ ഇത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

