ഡബ്ലിൻ: അയർലൻഡിൽ വൻ നിക്ഷേപത്തിന് പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്. എഐ നൈപുണ്യ വികസനത്തിന് 4 മില്യൺ യൂറോയുടെ നിക്ഷേപം നടത്താനാണ് നിലവിലെ തീരുമാനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. അയർലൻഡിന്റെ സാങ്കേതിക രംഗത്തിന് ഇതിനോടകം തന്നെ 8 മില്യൺ യൂറോയുടെ സംഭാവന മൈക്രോസോഫ്റ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റ് അയർലൻഡിൽ 40 വർഷം തികയുന്ന വേളയിലാണ് ഈ പ്രഖ്യാപനം. എല്ലാ പ്രായത്തിലും, പശ്ചാത്തലത്തിലുള്ള, അനുഭവപരിചയമുള്ള ആളുകൾക്ക് എഐ, ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം നൽകുന്നതിനാണ് പണം ഉപയോഗിക്കുന്നതെന്ന് കമ്പനി അറിയിച്ചു. യുവാക്കൾക്ക് എഐ, എസ്ടിഇഎം വിദ്യാഭ്യാസം നൽകുന്ന മൈക്രോസോഫ്റ്റിന്റെ ‘ഡ്രീം സ്പേസ്’ പ്രോഗ്രാമിന്റെ വിപുലീകരണത്തിനും ഈ നിക്ഷേപം വിനിയോഗിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ അയർലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 40 ബില്യൺ യൂറോ സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

