ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ സൈനിക വാൻ കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. പത്ത് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഉടൻ തന്നെ ഉദംപൂരിലെ സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ വഴി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
ഖന്നി ടോപ്പിലെ ഭാദേർവാ-ചമ്പ അന്തർസംസ്ഥാന റോഡിൽ ഓപ്പറേഷനായി പോകുകയായിരുന്ന ബുള്ളറ്റ് പ്രൂഫ് ആർമി വാഹനമാണ് ഭദേർവാ-ചമ്പ അന്തർസംസ്ഥാന റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് മറിഞ്ഞത്. നാലു പേരെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് അനുശോചനം അറിയിച്ചു
“ദോഡയിലുണ്ടായ ദൗർഭാഗ്യകരമായ ഒരു റോഡപകടത്തിൽ നമ്മുടെ ധീരരായ 10 ഇന്ത്യൻ ആർമി സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു . നമ്മുടെ ധീരരായ സൈനികരുടെ മികച്ച സേവനവും പരമമായ ത്യാഗവും ഞങ്ങൾ എപ്പോഴും ഓർക്കും. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം,ഐക്യദാർഢ്യത്തോടെയും പിന്തുണയോടെയും മുഴുവൻ രാഷ്ട്രവും ദുഃഖിതരായ കുടുംബങ്ങളോടൊപ്പം ഐക്യപ്പെടുന്നു. പരിക്കേറ്റ 10 സൈനികരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മികച്ച ചികിത്സ ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അവരുടെ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.” മനോജ് സിൻഹ X-ലെ പോസ്റ്റിൽ പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സംഭവത്തിൽ അനുശോചനം അറിയിച്ചു. “ഡോഡയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ നമുക്ക് ഇന്ത്യൻ സൈന്യത്തിലെ 10 ധീരരായ സൈനികരെ നഷ്ടപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റ സൈനികർക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ട്, സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് രാഷ്ട്രം നമ്മുടെ സായുധ സേനകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്.” രാജ്നാഥ് സിംഗ് കുറിച്ചു.

