തിരുവനന്തപുരം: കൈറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ ട്വന്റി20 പാർട്ടി എൻഡിഎയുടെ ഭാഗമാകുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെയും സാന്നിധ്യത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി സർക്കാരിനെ വികസന സർക്കാർ എന്നാണ് സാബു എം ജേക്കബ് പരാമർശിച്ചത്. വികസന കാഴ്ചപ്പാടുള്ള സർക്കാരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ നാല് ഗ്രാമപഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി20 രണ്ട് ഗ്രാമപഞ്ചായത്തുകളിൽ പ്രതിപക്ഷ സ്ഥാനത്താണ്. 89 ജനപ്രതിനിധികളാണ് ട്വന്റി20ക്കുള്ളത്.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അവർ ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമാകും. ട്വന്റി20 എൻഡിഎയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു . . തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് തുടരാനും സാബു എം ജേക്കബിനോട് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
‘ എൽഡിഎഫും യുഡിഎഫും കേരളം മാറിമാറി ഭരിക്കുകയും സംസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തതെങ്ങനെയെന്ന് കണ്ടതിനു ശേഷമാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്, ട്വന്റി20 എന്ന പാർട്ടി രൂപീകരിച്ചു. 14 വർഷമായി കേരളത്തിന്റെ വികസനത്തിനായി മാതൃകാപരമായ കാര്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തെ മാറ്റാനുള്ള നമ്മുടെ ശ്രമങ്ങളിൽ ഒറ്റയ്ക്ക് നിന്നാൽ അത് എത്രത്തോളം പ്രായോഗികമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ട്വന്റി20 ഒരു അവിഭാജ്യ പാർട്ടിയായി വളർന്നു. നമ്മെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ കേരളത്തെ എങ്ങനെ മാറ്റുമെന്ന് നാം കാണിക്കണം. എൻഡിഎയുടെ വികസന ദർശനം പാലിച്ചുകൊണ്ട് കേരളം മാറ്റുക എന്ന ദൗത്യം ഏറ്റെടുക്കുക എന്നത് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്,’ സാബു എം ജേക്കബ് വ്യക്തമാക്കി.

