ഡബ്ലിൻ: മതിയായ രക്തം സ്റ്റോക്ക് ഇല്ലാതെ അയർലന്റിലെ ആശുപത്രികൾ പ്രതിസന്ധിയിൽ. ഏതാനും ദിവസങ്ങളിലേക്കുള്ള രക്തത്തിന്റെ സ്റ്റോക്കുകൾ മാത്രമാണ് ആശുപത്രികളിൽ ഉള്ളത് എന്നാണ് വിവരം. രക്തമില്ലാത്തത് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ രക്തദാനം ആവശ്യമാണെന്നാണ് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസ് വ്യക്തമാക്കുന്നത്.
രക്തത്തിനുള്ള ആവശ്യകത ഉയർന്നതും, വേനൽകാലം തുടങ്ങിയതോടെ ഡോണർമാരുടെ ലഭ്യത കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. ചില രക്തഗ്രൂപ്പുകൾ മൂന്നോ നാലോ ദിവസത്തേയ്ക്ക് മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പരിഹരിക്കണമെങ്കിൽ അടുത്ത നാലാഴ്ചയ്ക്കുള്ളിൽ രണ്ടായിരം രക്തദാനങ്ങൾ ആവശ്യമാണെന്നാണ് അധികൃതർ പറയുന്നത്.

