ഡബ്ലിൻ: ഇസ്രായേലുമായുള്ള ഫുട്ബോൾ മത്സരത്തിന് അയർലൻഡ് സമ്മതിച്ചതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഫുട്ബോൾ മത്സരവുമായുള്ള സഹകരണം അയർലൻഡിന്റെ നിലപാടുകളെ സ്വാധീനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോൾ മത്സരം ബഹിഷ്കരിക്കുന്നത് അയർലൻഡിന് ദോഷം ചെയ്യും. മാത്രവുമല്ല പലസ്തീനികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ നമ്മൾ മനസിൽവയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് പലസ്തീനികൾക്ക് യാതൊരു നേട്ടവുമില്ലാത്ത നടപടി അയർലൻഡിന് ദോഷം ചെയ്യാൻ സാധ്യതയുണ്ട്. പലസ്തീനികൾക്കായി എല്ലാ അന്താരാഷ്ട്ര വേദിയിലും അയർലൻഡ് ശബ്ദമുയർത്താറുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഗാസയിലെ ഇസ്രായേൽ യുദ്ധവും വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങളും ആരോപിച്ച് യുവേഫ നേഷൻസ് ലീഗ് മത്സരം ഉപേക്ഷിക്കണമെന്ന് പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ ഫുട്ബോൾ അസോസിയേഷൻ ഓഫ് അയർലൻഡ് (എഫ്എഐ) യോടും കളിക്കാരോടും ആവശ്യപ്പെട്ടിരുന്നു.

