തിരുവനന്തപുരം : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ പി ഡബ്യു ഡി സെക്രട്ടറി അഴിമതി നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം . മുൻ കാല അന്വേഷണങ്ങൾ സ്വാധീനമുപയോഗിച്ച് അട്ടിമറിച്ചുവെന്നാണ് പരാതിക്കാരൻ ആരോപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി . ലീ സീ ബീൻ നിരവധി പരാതികൾ ഉന്നയിച്ചു . രണ്ട് ആത്മഹത്യക്കുറിപ്പുകളും ഉണ്ടായിരുന്നു. ഒരു കുറിപ്പിൽ വ്യക്തമായി ഗ്യാനേഷ് കുമാറിന്റെ പേരും പരാമർശിച്ചിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
പരാതി സംബന്ധിച്ച് വിശദമായ വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. വി എസ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കേസിന് ഫോളോ അപ്പ് ഉണ്ടായിരുന്നില്ല . പിന്നീട് ഗ്യാനേഷിനെ ട്രാൻസ്ഫർ ചെയ്തു. കെ എസ് ടി പി പദ്ധതി മാത്രമല്ല പ്രശ്നം . ഒരു പ്രൊജക്ട് എഞ്ചിനീയർ അഴിമതി ആരോപിച്ച് ആത്മഹത്യ ചെയ്തു . ആ അഴിമതിയാണ് അന്വേഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിൽ ഇരിക്കുന്ന ആൾ ആയതിനാൽ അന്വേഷണകാര്യത്തിൽ നിയമപരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനു നിയമ പ്രശ്നമില്ല. ചീഫ് ഇലക്ഷൻ കമ്മീഷൻ പദവി അന്വേഷണത്തിനു തടസ്സമില്ല എന്നു നിയമോപദേശം ലഭിച്ചു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

