ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. പേര് മാറ്റാനുള്ള നീക്കം വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പാർക്കിന്റെ പേര് മാറ്റം സംബന്ധിച്ച പ്രമേയത്തിൽ ഡബ്ലിൻ സിറ്റി കൗൺസിൽ അംഗങ്ങൾ നാളെ വോട്ട് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐസകിന്റെ പിതാവും ഇസ്രായേലിന്റെ ആറാമത്തെ പ്രസിഡന്റുമായ ചൈം ഹെർസോഗിന്റെ പേരിലാണ് പാർക്ക് അറിയപ്പെടുന്നത്.
എക്സിലൂടെയായിരുന്നു ഐസക് ഹെർസോഗ് രംഗത്ത് എത്തിയത്. പാർക്കിന്റെ പേര് മാറ്റാനുള്ള നീക്കങ്ങൾ വലിയ ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പേര് മാറ്റം നാണക്കേടുണ്ടാക്കുന്നതും അപമാനകരവുമാണ്. ഐറിഷ് ജനതയ്ക്കായി നിരവധി സേവനങ്ങൾ തന്റെ കുടുംബം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

