ഡബ്ലിൻ: യൂറോവിഷൻ സോംഗ് കൺടസ്റ്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം. 350 ലധികം ഐറിഷ് ടിവി, ഫിലിം പ്രൊഡ്യൂസർമാരാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന് ഇവർ കത്ത് നൽകി.
സംഗീത പരിപാടിയിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുമെന്ന് യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ ഡയറക്ടർ മാർട്ടിൻ ഗ്രീൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ എതിർപ്പുമായി പ്രൊഡ്യൂസർമാർ രംഗത്ത് എത്തിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണമാണ് ഇങ്ങനെയൊരു ആവശ്യം ഉയരാൻ കാരണം ആയത്.
യുക്രെയ്ൻ- റഷ്യ സംഘർഷത്തിനിടെ 2022 ൽ റഷ്യയെ പരിപാടിയിൽ നിന്നും വിലക്കിയിരുന്നു. സമാനരീതിയിൽ ഇസ്രായേലിനും വിലക്ക് ഏർപ്പെടുത്തണം എന്നാണ് പ്രൊഡ്യൂസർമാർ കത്തിൽ ആവശ്യപ്പെടുന്നത്. അനിതീയും അന്താരാഷ്ട്ര തലത്തിൽ അപലപനീയമായ കാര്യങ്ങളും നടക്കുമ്പോൾ യൂറോവിഷന്‍ രാഷ്ട്രീയ നിഷ്പക്ഷത കാണിക്കാൻ സാധിക്കില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോ വിഷൻ പരിപാടിയിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ആവശ്യപ്പെട്ടിരുന്നു.

