ഡബ്ലിൻ: അയർലൻഡുകാർ വിദേശ രാജ്യങ്ങളിൽ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇനി മുതൽ റെവന്യൂവകുപ്പിന് ലഭിക്കും. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനുള്ള കൈമാറ്റ കരാറിൽ അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പുവച്ചു. 25 ഒഇസിഡി രാജ്യങ്ങളാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
നികുതി വെട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ളതാണ് വിവര കൈമാറ്റ കരാർ. ഇത് പ്രകാരം സ്വത്തുക്കളുടെ വിവരങ്ങൾ മാത്രമല്ല, സ്വത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങളും റെവന്യൂവിന് അറിയാൻ സാധിക്കും. ബെൽജിയം, ബ്രസീൽ, ചിലി, കോസ്റ്റാറിക്ക, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഐസ്ലാൻഡ്, ഇറ്റലി, കൊറിയ, ലിത്വാനിയ, മാൾട്ട, ന്യൂസിലാൻഡ്, നോർവേ, പെറു, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, യു കെ, ജിബ്രാൾട്ടർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.

