ഡബ്ലിൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ചരക്ക് തീവണ്ടികളിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങി ഐറിഷ് റെയിൽ. പഴക്കം ചെന്ന വാഗണുകൾ മാറ്റി പുതിയവ ആക്കാനാണ് തീരുമാനം. 50 വർഷക്കാലം പഴക്കമുള്ള വാഗണുകളിലാണ് മാറ്റം വരുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടം എന്നോണം 150 വാഗണുകൾക്കായുള്ള ഓർഡർ യു.കെ ആസ്ഥാനമായുള്ള ഡബ്ല്യു. എച്ച്. ഡാവിസ് എന്ന നിർമ്മാണ കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. 44 മില്യൺ യൂറോയ്ക്ക് ആണ് കമ്പനിയുമായി ഐറിഷ് റെയിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അടുത്ത വർഷം ഏപ്രിലോടെ ഇവയുടെ വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് പുതിയ വാഗണുകൾ. 20 ടൺവരെ ഭാരമുള്ള വാഗണുകൾക്ക് 62 മുതൽ 65 വരെ ഭാരമുള്ള ചരക്ക് വഹിക്കാൻ ശേഷിയുണ്ടാകും. നിലവിലെ വാഗണുകളുമായി താരതമ്യം ചെയ്യുമ്പോൾ ചരക്ക് വഹിക്കാനുള്ള പുതിയ വാഗണുകളുടെ ശേഷി 33 ശതമാനം ആണ്.
പുതിയ വാഗണുകൾ വരുന്നതോട് കൂടി വണ്ടിയുടെ വേഗതയിലും മാറ്റം വരും. മണിക്കൂറിൽ 80 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷി ആകും തീവണ്ടികൾക്ക് കെെവരുക. മുഖം മിനുക്കുന്ന ചരക്ക് തീവണ്ടികൾ 2027 മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

