ഡബ്ലിൻ: ക്രൈസ്തവ ആരാധനകളിൽ മെഴുകുതിരിയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. മെഴുകുതിരി വെട്ടത്തെ പ്രത്യാശയുടെ പ്രതീകമായി ക്രൈസ്തവർ കണക്കാക്കുന്നു. ക്രിസ്തുമസ് ദിനത്തിൽ അയർലൻഡിലെ എല്ലാ വീടുകളുടെയും ജനാലകളിൽ മെഴുകു തിരികൾ കത്തിച്ചുവയ്ക്കാറുണ്ട്. ക്രിസ്തുമസ് നാളിലെ പ്രധാനപ്പെട്ട ആചാരമാണ് ഇത്.
മെഴുകുതിരി കത്തിക്കുന്നത് ഐറിഷ് കത്തോലിക്കാ പാരമ്പര്യമാണ്. യേശുവിനെയും മറിയത്തെയും ജോസഫിനെയും കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നതിന്റെ പ്രതീകമാണ് ഇങ്ങനെ കത്തിക്കുന്ന മെഴുകുതിരി വെട്ടം. ദൂരെ നിന്ന് മടങ്ങിവരുന്ന അതിഥികളെയോ കുടുംബാംഗങ്ങളെയോ സ്വാഗതം ചെയ്യുന്നതായും കരുതപ്പെടുന്നു. പരമ്പരാഗതമായി കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് മെഴുകുതിരി കത്തിക്കാറുള്ളത്.
അയർലൻഡിൽ ഒരു കാലത്ത് കത്തോലിക്കാ വിശ്വാസം ആചരിക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. ഈ സമയങ്ങളിൽ മെഴുകുതിരി കത്തിച്ച വീടുകളെ പ്രാർത്ഥനയ്ക്കുള്ള സുരക്ഷിത സ്ഥലമായിട്ടായിരുന്നു പുരോഹിതർ കണക്കാക്കിയിരുന്നത്.

