ഡബ്ലിൻ: ഇക്കുറി ക്രിസ്തുമസിന് അധിക പണം ചിലവഴിക്കാൻ മടിച്ച് ഐറിഷ് ജനത. കഴിഞ്ഞ തവണ ചിലവാക്കിയതിനെക്കാൾ കുറവ് തുകയാകും ആഘോഷങ്ങൾക്കായി അയർലൻഡുകാർ ചിലവിടുക എന്നാണ് വിവരം. ക്രെഡിറ്റ് യൂണിയൻ കൺസ്യൂമർ സെന്റിമെന്റ് ഇൻഡക്സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. അതേസമയം ഐറിഷ് ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ട് കൂടിയാണ് ഇത്തവണത്തെ ക്രിസ്തുമസ് ചിലവുകളിൽ പ്രതിഫലിക്കുന്നത്.
ക്രെഡിറ്റ് യൂണിയൻ റിപ്പോർട്ട് പ്രകാരം 52 ശതമാനം പേരും ഇക്കുറി കഴിഞ്ഞ തവണ ചിലവാക്കിയതിനെക്കാൾ കുറവ് തുക മാത്രമായിരിക്കും ചിലവാക്കുക എന്ന് വ്യക്തമാക്കി. ഇതേസമയം 9 ശതമാനം പേർ അധിക പണം ചിലവഴിക്കാൻ താത്പര്യപ്പെടുന്നുണ്ട്. 42 ശതമാനം പേരും ക്രിസ്തുമസ് ചിലവുകൾ നടത്തുന്നത് വരുമാനത്തിൽ നിന്നും പണമെടുത്താണ്. ഈ വരുമാനം നിത്യജീവിതത്തിന് തന്നെ തികയാത്ത സാഹചര്യത്തിലാണ് ഇക്കുറി ചിലവ് കുറയ്ക്കുന്നത്. 37 പേർ സമ്പാദ്യത്തിൽ നിന്നും പണമെടുത്ത് ക്രിസ്തുമസ് ചിലവുകൾ നടത്തുമ്പോൾ 9 പേർക്ക് കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്.

