ഡബ്ലിൻ: അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഐറിഷ് മലയാളി വിദ്യാർത്ഥികളുടെ സംഘം. സെന്റ് ഡൊമിനിക്സ് കോളേജ് കാബ്രയിലെ വിദ്യാർത്ഥികളായ ശ്രേയ മരിയ സാജു, നിയ നെജു എന്നിവർ ഉൾപ്പെട്ട ഐറിഷ് വിദ്യാർത്ഥികളുടെ സംഘത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ക്ലെയറിലെ സെന്റ് ഫ്ളാന്നാസ് കോളേജ് എന്നിസിലെ വിദ്യാർത്ഥികളും ഇവരുൾപ്പെട്ട സംഘത്തിലുണ്ട്.
ഭ്രമണപഥത്തിൽ ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്. ഇനിസ് ബീത്ത ( ജീവന്റെ ദ്വീപ്) എന്നായിരുന്നു ഇതിന് വിദ്യാർത്ഥികൾ പേര് നൽകിയിരുന്നത്.
നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഈ മാസം ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന അന്താരാഷ്ട്ര സ്പേസ് ഡെവലപ്മെന്റ് കോൺഫറൻസിൽ ഈ ഡിസൈൻ വിദ്യാർത്ഥികൾ അവതരിപ്പിക്കും.

