ഡബ്ലിൻ: നിലവിലെ വാടക സമ്പ്രദായം മാറ്റുന്നതിനുള്ള ബില്ല് ഉടൻ മന്ത്രിസഭയിൽ അവതരിപ്പിക്കും. അടുത്ത ആഴ്ച തന്നെ ഭവനവകുപ്പ് മന്ത്രി ജെയിംസ് ബ്രൗൺ ബില്ല് മന്ത്രിസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമങ്ങൾ മാർച്ചോട് കൂടി നടപ്പിലാക്കുകയാണ് ഭവനവകുപ്പിന്റെ ലക്ഷ്യം.
റെസിഡെൻഷ്യൽ ടെനൻസീസ് ബില്ല് എന്ന പേരിലാണ് ബില്ല് അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഇത് ഒയിറിയാച്ച്ടാസിൽ അവതരിപ്പിച്ച് പാസാക്കും. പുതിയ അപ്പാർട്ടുമെന്റുകൾ ഒഴികെയുള്ള എല്ലാ വീടുകളുടെയും വാടക വാർഷികമായി 2% ആയി പരിമിതപ്പെടുത്തുന്നതുൾപ്പെടെയാണ് പുതിയ നിയമത്തിൽ ഉള്ളത്. നിലവിൽ വാടക കരാറുകൾക്ക് നിയമാനുസൃതമായി ആറ് വർഷത്തെ പ്രാബല്യമുണ്ട്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഉടമകൾക്ക് വാടക കരാർ അവസാനിപ്പിക്കാൻ പുതിയ നിയമം അനുമതി നൽകും.

