ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കാൻ അയർലൻഡ് സർക്കാർ. ഇവർക്ക് സൗജന്യമായി സോഷ്യൽ ഹൗസിംഗിൽ താമസ സൌകര്യം നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച നിയമ നിർമ്മാണത്തിനും ഐറിഷ് സർക്കാർ ഒരുങ്ങുകയാണ്.
സോഷ്യൽ ഹൗസിംഗിനും ഹൗസിംഗ് അസിസ്റ്റൻസ് പേയ്മെന്റിനും അപേക്ഷിക്കുന്നവർ അയർലൻഡിൽ സ്ഥിരതാമസക്കാർ ആയിരിക്കണമെന്ന വ്യവസ്ഥയാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇത് സംബന്ധിച്ച ബില്ല് വരും മാസങ്ങളിൽ ഡെയ്ലിൽ സമർപ്പിക്കും. അതേസമയം നിലവിലെ ഹൗസിംഗ് അസസ്മെന്റ് പ്രക്രിയയ്ക്ക് ഈ തീരുമാനം ബാധകമായിരിക്കില്ല.
അതേസമയം തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. ദുർബലരായ ആളുകളെ കൂടുതൽ ഭവനരഹിതരാക്കുന്നതാണ് പുതിയ തീരുമാനം എന്നാണ് ഇവരുടെ അഭിപ്രായം.

