ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച് ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. വംശീയമായ ആക്രമണങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്ന് സംഘടന പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. നഴ്സ് ഉൾപ്പെടെ വംശീയ ആക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി സംഘടന രംഗത്ത് എത്തിയത്.
ഏകദേശം 35,500 നഴ്സുമാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയർലന്റിലെത്തി ജോലി ചെയ്യുന്നത്. അവരും അവരുടെ കുടുംബങ്ങളുമെല്ലാം അയർലൻഡുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. ചിലരുടെ പെരുമാറ്റത്തെ തുടർന്ന് സ്വന്തം ജോലി സ്ഥലത്തും പൊതുയിടങ്ങളിലും ഭയത്തോടെയല്ലാതെ എത്താൻ ഇവർക്ക് കഴിയുന്നില്ലെന്നും ഐഎൻഎംഒ കുറ്റപ്പെടുത്തി.

