ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം . ഇന്ത്യൻ വംശജനായ സംരംഭകനെയാണ് ഡബ്ലിനിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് . ലെറ്റർകെന്നിയിലെ വൈസാർ ലാബ് ആൻഡ് ടെക്നോളജി ഗേറ്റ്വേയിലെ സീനിയർ ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവിനാണ് പരിക്കേറ്റത്. തലയ്ക്കും, കഴുത്തിനും, നെഞ്ചിനും നിരന്തരം മർദ്ദനമേറ്റതായും രക്തസ്രാവമുണ്ടായതായും യാദവ് പറഞ്ഞു.
യൂറോപ്യൻ രാജ്യത്ത് ഇത്തരം “പ്രകോപനമില്ലാത്ത” വംശീയ ലക്ഷ്യം വയ്ക്കൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി സന്തോഷ് യാദവ് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചു.
ആഹാരം കഴിച്ച ശേഷം, അപ്പാർട്ട്മെന്റിന് സമീപം നടക്കുമ്പോൾ, ഒരു സംഘം തന്നെ പിന്നിൽ നിന്ന് ആക്രമിച്ചുവെന്നാണ് സന്തോഷ് യാദവ് പറഞ്ഞത്. പൊലീസ് എത്തിയാണ് ബ്ലാഞ്ചാർഡ്സ്ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്റെ കവിളെല്ലിന് ഒടിവുണ്ടെന്ന് മെഡിക്കൽ സംഘം സ്ഥിരീകരിച്ചു, ഇപ്പോൾ സ്പെഷ്യലിസ്റ്റ് പരിചരണത്തിനായി റഫർ ചെയ്തിട്ടുണ്ട്,” എന്നും അദ്ദേഹം പറയുന്നു.
കുട്ടികളോട് അനുചിതമായി പെരുമാറിയെന്ന് ആരോപിച്ച് ഡബ്ലിനിൽ ഒരു ഇന്ത്യക്കാരനെ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം.

