ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ വിദ്യാർത്ഥിയെയും പിതാവിനെയും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് കബളിപ്പിച്ചതായി പരാതി. ഉഡുപ്പി സ്വദേശി ശ്രീകാന്ത്, അദ്ദേഹത്തിന്റെ മകൻ സന്ദേശ് എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകി. ഡബ്ലിനിലെ എംഎസ് വിദ്യാർത്ഥിയാണ് സന്ദേശ്.
ജൂൺ 30 ന് ആയിരുന്നു സംഭവം. എംബസിയിൽ നിന്നാണെന്ന് അവകാശപ്പെട്ട് വിളിച്ച കുറ്റവാളി ഐആർപി അപേക്ഷയിലെ ജനന തിയതിയിൽ തെറ്റുണ്ടെന്നും തിരുത്തണമെന്നും ഇവരോട് പറയുകയായിരുന്നു. ഇത് തിരുത്തിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി.
തുടർന്ന് പ്രതി ആവശ്യപ്പെട്ടത് പ്രകാരം ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ബാങ്ക് ഇടപാട് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം രൂപയും അയച്ച് നൽകി. ഈ പണം തിരികെ നൽകുമെന്ന് ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

