ഡബ്ലിൻ: അയർലൻഡിൽ നിന്നും തനിക്ക് മർദ്ദനമേറ്റതായുള്ള പോപ്പ് ലിയോയുടെ വെളിപ്പെടുത്തൽ വീഡിയോ വൈറൽ ആകുന്നു. 2019 ൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മറ്റൊരിടത്തും തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പോപ്പ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
പെറുവിലെ കോൺഫറൻസിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഇതുവരെ അയർലൻഡിൽ നിന്നല്ലാതെ ശാരീരിക ആക്രമണം നേരിടേണ്ടതായി വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തെരുവിലൂടെ നടക്കുന്നതിനിടെ ആയിരുന്നു തന്നെ ആക്രമിച്ചത്. തന്നെ മുന്നിലൂടെ കടന്ന് പോയ പുരുഷൻ പുരോഹിതനാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞതോടെ അയാൾ തന്നെ അടിയ്ക്കുകയായിരുന്നു. പള്ളിയ്ക്ക് മേലുള്ള വിശ്വാസം നഷ്ടമായത് കൊണ്ടാണോ എന്നെ അയാൾ മർദ്ദിച്ചത് എന്നകാര്യം എനിക്ക് അറിയില്ലെന്നും പോപ്പ് ലിയോ വ്യക്തമാക്കുന്നുണ്ട്.
ഇതുവരെ പോപ്പ് ലിയോ രണ്ട് തവണയാണ് അയർലൻഡ് സന്ദർശിച്ചിട്ടുള്ളത്. 2005 ലും 2007 ലും ആണ് ഇത്. ഇതിൽ ഏത് വർഷമാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.

