തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്നും മന്ത്രി വി ശിവൻകുട്ടി .പാർട്ടി പ്രവർത്തകർ ഇതിനകം തന്നെ സജീവമാണ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞാൽ പ്രചാരണം വേഗത്തിലാകുമെന്നും വി ശിവൻകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ ഞങ്ങളുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി, പാർട്ടി പ്രവർത്തകർ സജീവമാണ്. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കാം, അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം ആരംഭിക്കും. നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വം ഒരു വെല്ലുവിളിയും ഉയർത്തില്ല . ബിജെപി അക്കൗണ്ട് തുറക്കില്ല. അത് ഇരട്ട താക്കോലിട്ട് പൂട്ടിയിരിക്കുകയാണ് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് 13 സീറ്റുകൾ നേടി . കോവളത്ത് മാത്രം പരാജയപ്പെട്ടു
ഇത്തവണ കോവളം സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിൽ ഇത് ക്ലീൻ സ്വീപ്പ് ആയിരിക്കും .സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്ക് ശേഷം ആളുകൾക്ക് എൽഡിഎഫിനെതിരെ ചിന്തിക്കേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ യാഥാർത്ഥ്യമാക്കി. ഒരു മന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങളൊന്നുമില്ല ‘ – ശിവൻ കുട്ടി പറഞ്ഞു.
2016 ൽ നേമം മണ്ഡലത്തിൽ വിജയിച്ചപ്പോഴാണ് ബിജെപി ആദ്യമായി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്നത്. എന്നാൽ, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവൻകുട്ടി എൽഡിഎഫിനായി സീറ്റ് തിരിച്ചുപിടിച്ചു.

