ന്യൂഡൽഹി: യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ തുടർച്ചയായ സംഘർഷങ്ങൾക്കിടയിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നേരത്തെ മാറ്റിവച്ച സിബിഎസ്ഇ പ്ലസ് ടു ബോർഡ് പരീക്ഷകൾ റദ്ദാക്കി. സിബിഎസ്ഇ ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ മിഡിൽ ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയതായി ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു,
ഫലം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സിബിഎസ്ഇ പിന്നീട് അറിയിക്കും. സ്കൂൾ നൽകിയ ഇന്റേണൽ മാർക്ക്, ഇതുവരെ നടത്തിയ യൂണിറ്റ് പരീക്ഷകളുടെ ഫലം, പ്രോജക്ട് മാർക്ക്, വിദ്യാർത്ഥിയുടെ അക്കാദമിക് പ്രകടനം എന്നിവ കണക്കിലെടുത്താണ് ഫലം നിർണ്ണയിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തെത്തുടർന്ന് ഗൾഫ് മേഖലയിലെ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ മാർച്ച് 3 ന് അറിയിച്ചിരുന്നു. 10-ാം ക്ലാസിലേക്ക് നിശ്ചയിച്ചിരുന്ന പരീക്ഷകൾ പിന്നീട് റദ്ദാക്കി. ഇപ്പോൾ പ്ലസ് ടു പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

