കോർക്ക്: അയർലൻഡിൽ നടക്കുന്ന വംശീയ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കാരിഗലൈൻ പാർക്കിൽ ആക്രമണത്തിന് ഇരയായ യുവാവ്. ബംഗ്ലാദേശി പൗരനായ സയ്യിദ് ഹഖാണ് റേഡിയോ പരിപാടിയ്ക്കിടെ തന്റെ ആശങ്ക വ്യക്തമാക്കിയത്. ഹഖുൾപ്പെടെ മൂന്ന് പേർക്കാണ് പാർക്കിൽവച്ച് മർദ്ദനമേറ്റത്.
ആരോഗ്യപ്രശ്നങ്ങളുള്ള ഹഖ് എല്ലാ ദിവസവും സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം നടക്കാൻ പാർക്കിൽ എത്താറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പാർക്കിലെ പാലത്തിൽ ഇരിക്കുമ്പോൾ ചെറുപ്പക്കാരിൽ ഒരാൾ സുഹൃത്തിനെയാണ് ആദ്യം മർദ്ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വർഷങ്ങളായി താനിവിടെ താമസിക്കുന്നു. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവമെന്നും ഭയം തോന്നുന്നുവെന്നും ഹഖ് കൂട്ടിച്ചേർത്തു.

