ന്യൂഡൽഹി: ജനഗണമന, വന്ദേമാതരം എന്നിവ ഏതൊക്കെ സന്ദർഭങ്ങളിൽ ആലപിക്കണമെന്ന് വിശദീകരിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ . എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ജൂലൈ 9 നാണ് , ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൗര സ്വീകരണങ്ങളിലും, ഔദ്യോഗിക സംസ്ഥാന പരിപാടികളിലും സർക്കാർ സംഘടിപ്പിക്കുന്ന മറ്റ് പരിപാടികളിലും രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയിലും , റേഡിയോയിലും ടെലിവിഷനിലും രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും വന്ദേമാതരം ആലപിക്കണം.
ഗവർണർമാരുടെയും ലെഫ്റ്റനന്റ് ഗവർണർമാരുടെയും അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഔപചാരിക സംസ്ഥാന പരിപാടികളിലും , പരേഡുകളിൽ ദേശീയ പതാക അവതരിപ്പിക്കുന്ന ചടങ്ങുകളിലും ദേശീയ ഗാനം ആലപിക്കണം. വരികളും ഉച്ചാരണവും കർശനമായി പാലിക്കണം . ചില സംസ്ഥാനങ്ങളില്‍ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. തുടര്‍ന്ന് ദേശീയ ഗീതമായിരിക്കണം ആലപിക്കേണ്ടത്, അതിന് ശേഷമായിരിക്കണം ദേശീയ ഗാനം ആലപിക്കേണ്ടത്.

