ന്യൂഡൽഹി ; ഇന്ത്യൻ സായുധ സേനയ്ക്കായി യുഎസിൽ നിന്ന് 31 MQ-9 റീപ്പർ ഡ്രോണുകൾ വാങ്ങുന്നു. 40 മണിക്കൂറിലധികം തുടർച്ചയായി പറക്കാനുള്ള കഴിവും ഉപഗ്രഹ കണക്റ്റിവിറ്റിയും ഉള്ള ഈ ഡ്രോണുകൾക്ക്, സെൻസിറ്റീവ് അതിർത്തികളിലും ഇന്ത്യൻ മഹാസമുദ്രത്തിലും മനുഷ്യ വിമാനങ്ങളേക്കാൾ കൂടുതൽ സമയം സൂക്ഷ്മ നിരീക്ഷണം നടത്താൻ കഴിയും.
ഇറാഖ്, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ എന്നിവിടങ്ങളിൽ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾക്കും, നിരീക്ഷണത്തിനുമായി വർഷങ്ങളായി ഈ ഡ്രോൺ ഉപയോഗിച്ചുവരുന്നു. റീപ്പർ വേഗത കുറഞ്ഞതും ഉയർന്ന് പറക്കുന്നതുമായ രഹസ്യാന്വേഷണ ഡ്രോണാണ്. മനുഷ്യ വിമാനങ്ങളേക്കാൾ കൂടുതൽ നേരം പറക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ഇത് വഴി കൃത്യമായ ഇന്റലിജൻസ് ശേഖരണം നടത്താനും സാധിക്കും.
3 ബില്യൺ ഡോളറിലധികം ചെലവിട്ടാണ് ഇന്ത്യ ഈ ഡ്രോണുകൾ വാങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രവും കര അതിർത്തികളും നിരീക്ഷിക്കുന്നതിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. ഇന്ത്യൻ നാവികസേനയ്ക്ക് രണ്ട് റീപ്പർ ഡ്രോണുകൾ സ്വന്തമായുണ്ട്.
യുഎസുമായുള്ള പ്രതിരോധ കരാർ പ്രകാരം, 31 ഡ്രോണുകളിൽ 21 എണ്ണം ഇന്ത്യയിൽ വച്ചാകും നിർമ്മിക്കുക . 10 എണ്ണം പ്രവർത്തന സജ്ജമായ രീതിയിലാകും വാങ്ങുക. ഉപകരണങ്ങളുടെ ഏകദേശം 34 ശതമാനം പ്രാദേശികമായി ലഭ്യമാക്കും. എട്ട് വർഷം അല്ലെങ്കിൽ 150,000 പറക്കൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള അറ്റകുറ്റപ്പണി, ഓവർഹോൾ സൗകര്യം ഒരുക്കുക എന്നതെല്ലാം കരാറിൽ ഉൾപ്പെടുന്നുണ്ട്. ഈ കരാറിന്റെ ഒരു പ്രധാന വശം, സമാനമായ ആളില്ലാ ആകാശ വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ യുഎസ് കമ്പനിയായ ജനറൽ ആറ്റോമിക്സ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയെ (ഡിആർഡിഒ) സഹായിക്കും എന്നതാണ്. ഡ്രോണുകളുടെ വിതരണം 2029 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

