ഡബ്ലിൻ: എൻജിഒ ആയ റുഹാമയുമയുമായി ബന്ധപ്പെടുന്ന മനുഷ്യക്കടത്തിന് ഇരയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘടനയുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്. വേശ്യാവൃത്തി, സെക്സ് ട്രാഫിക്കിംഗ്, ലൈംഗിക ചൂഷണം എന്നിവയാൽ ബാധിക്കപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി രൂപീകരിച്ച സംഘടനയാണ് റുഹാമ.
2024ൽ ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിന് ഇരയായ 216 പേർക്ക് സംഘടന പിന്തുണ നൽകി. വേശ്യാവൃത്തിക്ക് ഇരയായ 282 പേർ ആയിരുന്നു റുഹാമയുടെ സഹായം തേടിയത്. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വേശ്യാവൃത്തിയ്ക്ക് ഇരയായവരുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്.
മനുഷ്യക്കടത്തിന് ഇരയായവരിൽ ഭൂരിഭാഗവും നൈജീരിയയിൽ നിന്നുള്ളവരാണ്. 131 പേർ. സിംബാബ്വെയിൽ നിന്നുള്ള 18 പേരും, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 14 പേരും മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ട്.

