ഡബ്ലിൻ: പരിശോധനാ ഫലത്തിലെ പിഴവിനെ തുടർന്ന് ദമ്പതികൾക്ക് ഗർഭസ്ഥശിശുവിനെ അലസിപ്പിക്കേണ്ടിവന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് എച്ച്എസ്ഇ. കുടുംബത്തിന്റെ നഷ്ടം ആർക്കും പരിഹരിക്കാൻ കഴിയില്ലെന്ന് എച്ച്എസ്ഇ സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു. റെബേക്ക പ്രൈസ് – പാറ്റ് കീലി ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്.
2019 ൽ ആയിരുന്നു സംഭവം. മെറിയോൺ ഫെറ്റൽ ഹെൽത്ത് ക്ലിനിക്കിലെ ഡോക്ടറാണ് തെറ്റായ പരിശോധനാ ഫലം ദമ്പതികളോട് പറഞ്ഞത്. ഗർഭകാലത്ത് നടത്താറുള്ള അൾട്രാസൗണ്ട് സ്കാനിംഗിന് പിന്നാലെ കുഞ്ഞിന് മാരകമായ വൈകല്യം ഉണ്ടെന്ന് പരിശോധിച്ച ഡോക്ടർ ദമ്പതികളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഗർഭം അലസിപ്പിച്ചു. എന്നാൽ പിന്നീട് കുട്ടിയിൽ നടത്തിയ സെൽ കൾച്ചർ പരിശോധനയിൽ വൈകല്യം ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

