ഡബ്ലിൻ: അയർലന്റിൽ ഹോസ്പൈപ്പ് നിരോധനം നിലവിൽ വന്നു. ഇന്ന് മുതൽ ആറ് ആഴ്ചത്തേയ്ക്ക് ആണ് ഹോസ്പൈപ്പ് ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
ഉയിസ് ഐറാൻ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിൻഗർ, കൗണ്ടി ഡൊണഗലിലെ മിൽഫോർഡ്, കൗണ്ടി മീത്തിലെ കെല്ല്സ്- ഓൾഡ്കാസിൽ എന്നിവിടങ്ങളിൽ ആണ് നിരോധനം. ജലസ്രോതസ്സുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്ന് കൊണ്ടിരിക്കുകയാണ്.. ഈ സാഹചര്യത്തിലാണ് ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്താൻ ഉയിസ് ഐറാൻ തീരുമാനിച്ചത്.
നിലവിൽ രാജ്യത്ത് ചൂട് ഉയരുകയാണ്. മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണ് ഉള്ളത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് കടുത്ത ജലക്ഷാമം ഉണ്ടായേക്കാം. ഇത് തടയുന്നതിന് വേണ്ടിയുള്ള മുൻകരുതൽ നടപടിയെന്നോണമാണ് ഹോസ്പൈപ്പുകളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയത്.

