ഡബ്ലിൻ: ഹെർസോഗ് പാർക്കിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം കൗൺസിലിൽ നിന്നും പിൻവലിച്ചേക്കും. പേര് മാറ്റത്തിനെതിരെ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും രംഗത്ത് എത്തിയതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്നും കൗൺസിൽ പിന്തിരിയുന്നത്. ലോർഡ് മേയർ റേ മക്ആഡം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡബ്ലിൻ സിറ്റി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഷേക്സ്പിയർ നിർദ്ദേശം പിൻവലിക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടുണ്ടെന്ന് റേ മക്ആഡം വ്യക്തമാക്കി. സ്ഥലങ്ങളുടെ പേര് മാറ്റൽ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ഇനിയും പൂർണമായ ധാരണ ഉണ്ടായിട്ടില്ല. ഇതേ തുടർന്നാണ് നിർദ്ദേശം പിൻവലിക്കുന്നത് എന്നാണ് റേ മക്ആഡത്തിന് റിച്ചാർഡ് നൽകിയിരിക്കുന്ന വിശദീകരണം. ഇസ്രായേൽ മുൻ പ്രസിഡന്റ് ചൈം ഹെർസോഗിന്റെ പേരാണ് സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന് നൽകിയിരിക്കുന്നത്. ഇസ്രായേൽ- പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

