ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാർ ഇന്ന് യോഗം ചേരും. യോഗത്തിൽ പങ്കെടുക്കുന്ന അയർലൻഡ് വിദേശകാര്യമന്ത്രി സൈമൺ ഹാരിസ് ഗാസയ്ക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെടും. ഇന്ന് ലക്സംബെർഗിൽവച്ചാണ് വിദേശകാര്യമന്ത്രിമാരുടെ യോഗം.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും, റഷ്യയുടെ യുദ്ധവും ആയിരിക്കും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഇതിന് പുറമേ മോൾഡോവ, ജോർജിയ, സുഡാൻ എന്നീ രാജ്യങ്ങളിലെ സംഭവ വികാസങ്ങളും യോഗത്തിൽ ചർച്ചയാകും. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾക്ക് ആയിരിക്കും കൂടുതൽ പ്രാധാന്യം നൽകുക.
നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പ്രശ്നങ്ങളാണ് ഗാസയിലെ ജനങ്ങൾക്കുള്ളതെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കായി ആറ് മില്യൺ യൂറോയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങൾക്ക് അടിയന്തിരമായി ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ആവശ്യമാണെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

