ഡബ്ലിൻ: അയർലൻഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിനായി കൈകോർത്ത് സുമനസ്സുകൾ. ചികിത്സയ്ക്കായുള്ള ധനസമാഹരണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയും 38 കാരനുമായ വിനയ് എബ്രഹാമിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം മുതലാണ് ചികിത്സയ്ക്കായി ധനസമാഹരണം ആരംഭിച്ചത്. വാട്ടർഫോർഡ് വൈക്കിംഗ്സ് സ്പോർട്സ് ആൻഡ് ആർട്സ്ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ധനസമാഹരണം . വിനയ് എബ്രഹാമിന് നേരിട്ട് പണം എത്തുന്ന തരത്തിൽ ഗോ ഫണ്ട് വഴിയാണ് ധനസമാഹരണം. 26,000 യൂറോ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനിടെ 4,701 യൂറോ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്തംബർ 20 നാണ് സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനിടെ വിനയ് ഉൾപ്പെടെ മലയാളികൾ അപകടത്തിൽപ്പെട്ടത്. ഡബ്ലിനിൽ നിന്നും വാട്ടർഫോർഡിലേക്ക് കാറിൽ പോകുകയായിരുന്നു. വിനയ്ക്ക് നട്ടെല്ലിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

