ഡബ്ലിൻ: അയർലൻഡിൽ പിടികൂടിയത് നാല് ലക്ഷം യൂണിറ്റ് അനധികൃത- വ്യാജ മരുന്നുകൾ. ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പിടികൂടിയ മരുന്നുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഹെൽത്ത് പ്രൊഡക്റ്റ്സ് റെഗുലേറ്ററി അതോറിറ്റി ( എച്ച്പിആർഎ) വ്യക്തമാക്കുന്നു. 2024 ൽ ജൂൺ മാസം വരെ 7 ലക്ഷം യൂണിറ്റ് വ്യാജ- അനധികൃത മരുന്നുകളാണ് പിടികൂടിയത്.
സെഡേറ്റീവ്സ്, അനബോളിക് സ്റ്റിറോയിഡ്സ്, ഉദ്ദാരണക്കുറവിനുള്ള മരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. ഇതിന് പുറമേ 10,000 ലധികം ജിഎൽപി-1 പാച്ചസും പിടിച്ചെടുത്തിട്ടുണ്ട്.
അംഗീകൃതമല്ലാത്ത സ്രോതസ്സുകളിൽ നിന്നും മരുന്നുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് എച്ച്പിആർഎ വ്യക്തമാക്കി. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകൾ സുരക്ഷിതമല്ല. മാത്രവുമല്ല ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുമെന്നും എച്ച്പിആർഎ വ്യക്തമാക്കി.

