പത്തനംതിട്ട : ആവശ്യമായ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ് പതിച്ചു. ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. നോട്ടീസ് ആരാണ് പതിച്ചതെന്ന് അറിഞ്ഞില്ല. നോട്ടീസിൽ പ്രധാനമായും എട്ട് പോരായ്മകൾ പരാമർശിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് വരുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തത മനസ്സിലാക്കണമെന്ന് നോട്ടീസിൽ പറയുന്നു. ആവശ്യമായ ഉപകരണങ്ങളുടെ അഭാവം ജീവൻ നഷ്ടപ്പെടാൻ പോലും ഇടയാക്കും, നന്നായി സജ്ജീകരിച്ച തീവ്രപരിചരണ യൂണിറ്റ് ഇല്ല. വേണ്ടത്ര പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവുണ്ട്, തിയേറ്ററിൽ വിദഗ്ദ്ധരായ സഹപ്രവർത്തകരുടെ കുറവുണ്ട്, പൊളിഞ്ഞ് വീഴുന്ന പെയിന്റ് പാളികളിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇവിടെ കാർഡിയോളജിസ്റ്റോ നെഫ്രോളജിസ്റ്റോ ഇല്ല, വൈകുന്നേരം 5 മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കുന്നില്ല, ആശുപത്രിക്കുള്ളിൽ വന്യമൃഗങ്ങളുടെ ശല്യമുണ്ട് എന്നൊക്കെയാണ് നോട്ടീസിൽ പറയുന്നത് . സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് സർജറി വിഭാഗം മേധാവി ശിവപ്രസാദിനോട് വിശദീകരണം തേടിയിട്ടുണ്ട്. നോട്ടീസ് പിന്നീട് കീറിക്കളഞ്ഞു.

