ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയ വീണ്ടും ആരംഭിച്ച് ഫിൻ ഗെയ്ൽ. നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ പശ്ചാത്തലത്തിലാണ് നേതാക്കളിൽ നിന്നും പാർട്ടി വീണ്ടും നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചത്. നിലവിൽ ഫിൻ ഗെയ്ൽ മുൻ ഡെപ്യൂട്ടി ലീഡർ ഹെതർ ഹംഫ്രീസ്, എംഇപി സീൻ കെല്ലി എന്നിവരാണ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
മാർഗരറ്റിന്റെ പിന്മാറ്റത്തിന് പിന്നാലെ തുടർ നടപടികൾ സ്വീകരിക്കാൻ ഇന്നലെ വൈകുന്നേരം പാർട്ടി എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി പാർട്ടി അറിയിപ്പ് പുറപ്പെടുവിച്ചത്. ഉപമുഖ്യമന്ത്രിയും ഫിൻ ഗെയ്ൽ നേതാവുമായ സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പകുതിയോടെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സൈമൺ ഹാരിസ് പ്രതികരിച്ചു.

