ഡബ്ലിൻ: സ്കൂൾ അടച്ചിടേണ്ട സാഹചര്യങ്ങൾ അറിയാൻ സംവിധാനം വേണമെന്ന് ആവശ്യം. സ്റ്റോം ഇയോവിനെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
ചുഴലിക്കാറ്റിനെ തുടർന്ന് എത്ര സ്കൂളുകൾ അടച്ചിടേണ്ടിവന്നു എന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് യാതൊരു ധാരണയും ഇല്ല. ഇത് സംബന്ധിച്ച വിവരങ്ങളും ഇല്ല. ഇത് റിപ്പോർട്ട് ചെയ്യാൻ ആവശ്യമായ സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത് എന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ട് തന്നെ സ്കൂൾ അടച്ചിടൽ, വൈദ്യുതി തടസ്സം എന്നിവ തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

