ഡബ്ലിൻ: വിരമിച്ച കന്യാസ്ത്രീകളെ പാർപ്പിക്കുന്നതിന് വേണ്ടിയുള്ള താമസസ്ഥലത്തിന്റെ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. നിർമ്മാണത്തെ തുടർന്ന് പ്രദേശത്ത് അനുഭവപ്പെടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നടപടി. ബാൾസ് ബ്രിഡ്ജിലെ സിസ്റ്റേഴ്സ് ഓഫ് ഹോളി ഫെയ്ത്തിലെ കന്യാസ്ത്രീകൾക്ക് വേണ്ടിയായിരുന്നു ഇവിടെ താമസസൗകര്യം നിർമ്മിക്കാനിരുന്നത്.
കീത്ത് ക്രാഡോക്കിന്റെ ഗ്രാൻവില്ലെ ഡെവലപ്മെന്റ്സ് ലിമിറ്റഡാണ് താമസസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് ഹോളി ഫെയ്ത്തിന് പുറകിലായുള്ള ഹഡിംഗ്ടൺ പ്ലേസിൽ ആണ് 38 യൂണിറ്റ് ഉള്ള താമസസ്ഥലം നിർമ്മിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായുള്ള അനുമതിയ്ക്കായി കമ്പനി കൗൺസിൽ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് പരിശോധിച്ചതിൽ നിന്നും കെട്ടിടം നിലവിൽവന്നാൽ അത് ഗതാഗത പ്രശ്നത്തിന് കാരണമാകുമെന്ന നിരീക്ഷണത്തിൽ കൗൺസിൽ എത്തുകയായിരുന്നു.

