ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ വളർത്തുനായ ഉടമകൾക്ക് നിർദ്ദേശവുമായി ഡോഗ് ട്രസ്റ്റ്. വരും ദിവസങ്ങളിൽ നായ്ക്കളുമായി രാവിലെയും വൈകീട്ടും മാത്രമേ പുറത്തേയ്ക്ക് നടക്കാനിറങ്ങാവൂ എന്നും താപാഘാതത്തിനെതിരെ ജാഗ്രത വേണമെന്നും ട്രസ്റ്റ് അറിയിച്ചു.
നായ്ക്കളെ കൊണ്ട് വ്യായാമം ചെയ്യിക്കുന്നത് താപാഘാതത്തിനുള്ള സാദ്ധ്യത വർദ്ധിക്കും. അതിനാൽ രാവിലെയും വൈകീട്ടും നായ്ക്കളെ നടത്തിക്കാം. രാവിലെയും വൈകീട്ടും ചൂട് കുറയുമെന്നതിനാൽ നായ്ക്കളുമായി പുറത്തിറങ്ങാൻ ഇതാണ് അനുയോജ്യമായ സമയം.
ചൂടുള്ള സമയങ്ങളിൽ നായ്ക്കൾക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ള നായ്ക്കൾക്ക് പ്രത്യേകം ശ്രദ്ധ നൽകണം എന്നും ഡോഗ് ട്രസ്റ്റ് വ്യക്തമാക്കി.