ഡബ്ലിൻ: ജീവിത ചിലവ് വർധിക്കുന്നതിന്റെ ആശങ്കയിൽ ഐറിഷ് ജനത. അയർലൻഡിലെ ജീവിത ചിലവ് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് അയർലൻഡിലെ 84 ശതമാനം പേരും വ്യക്തമാക്കുന്നത്. ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന് (ഐഎച്ച്ആർഇസി) വേണ്ടി ഇപ്സോസ് ബി&എ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ.
അയർലൻഡിൽ അവശ്യസാധനങ്ങളുടെ വിലയിൽ വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെയാണ് ജീവിത ചിലവ് ആശങ്കയുണ്ടാക്കുന്നുവെന്ന വിവരം കൂടി പുറത്തുവരുന്നത്. 1243 പേർ സർവ്വേയുടെ ഭാഗമായി. ഇതിൽ പകുതിയോളം പേർ വരും വർഷം ഗാർഹിക ചിലവുകൾ വഹിക്കാൻ കഴിയില്ലെന്ന് ഭയപ്പെടുന്നുവെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.
അയർലന്റിന്റെ സമ്പത്ത് ന്യായമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് 13 ശതമാനം പേർ മാത്രമാണ്. ഏഴിൽ ഒരാൾ മാത്രം പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.

