ഡബ്ലിൻ: കളിക്കാർക്ക് ഇഷ്ടാനുസരണം സ്കോർട്ടോ ഷോർട്ട്സോ ധരിക്കാമെന്ന പ്രമേയം പാസാക്കി കമോഗി അസോസിയേഷൻ സ്പെഷ്യൽ കോൺഗ്രസ്. 98 ശതമാനം പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
ഷോർട്ട്സ് ധരിക്കുന്നതിനുള്ള വിലക്കിനെതിരെ ഡബ്ലിനിലെയും കിൽകെന്നിയിലെയും കളിക്കാർ നടത്തിയ പ്രതിഷേധം വലിയ വിവാദങ്ങൾക്കും സംവാദങ്ങൾക്കും തിരി കൊളുത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ, ക്രോക്ക് പാർക്കിലെ 133 പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
വിവാദത്തിൽ ഭൂരിപക്ഷ അഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞതോടെ, വിഷയം തർക്കത്തിൽ നിന്ന് പരിഹാരത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ പ്രകടമായി തുടങ്ങിയതായി കമോഗി അസോസിയേഷൻ പ്രസിഡന്റ് ബ്രയാൻ മൊളോയ് പറഞ്ഞു. ഇന്ന് അർദ്ധരാത്രി മുതൽ ഓരോ കളിക്കാരനും സ്കോർട്ട്സോ ഷോർട്ട്സോ ധരിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.