ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിനെ ആശങ്കയിലാഴ്ത്തി കന്നുകാലികൾക്കിടയിൽ ബ്ലൂടങ്ക് വൈറസ് ബാധ. കൗണ്ടി ഡൗണിൽ പശുക്കൾക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ബാംഗോറിൽ രണ്ട് പശുക്കളിലാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് 20 കിലോ മീറ്റർ ചുറ്റളവിൽ ഇറച്ചി വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
സ്റ്റോർമോണ്ടിന്റെ കൃഷി മന്ത്രി ആൻഡ്രൂ മുയിർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സാധാരണയായി വേനൽക്കാലത്താണ് മൃഗങ്ങളിൽ രോഗബാധ കാണാറുള്ളത്. ഒരു പ്രത്യേക തരം ഈച്ചയിൽ നിന്നാണ് ഈ രോഗം ബാധിക്കുന്നത്. ഇവ കടിക്കുന്നതിലൂടെ രോഗാണുക്കൾ മൃഗങ്ങളിൽ എത്തും. പശു, ആട്, മാൻ പോലുള്ള മൃഗങ്ങളിൽ രോഗം കണ്ടുവരാറുണ്ട്.

