ഡബ്ലിൻ: ജോലിസ്ഥലങ്ങളിൽ കൃതിമബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കണ്ടെത്തൽ. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐബെക്കിന്റെ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തലുള്ളത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജോലിസ്ഥലങ്ങളിൽ എഐയുടെ ഉപയോഗത്തിൽ ഇരട്ടിവർദ്ധനവ് ഉണ്ടായിട്ടുണ്ട്.
2024 ഓഗസ്റ്റിൽ എഐയുടെ ഉപയോഗം 19 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം ജൂലൈയിൽ അത് 40 ശതമാനമായി മാറി. അതായത് ജോലി സ്ഥലങ്ങളിൽ 40 ശതമാനം ജീവനക്കാർ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുവെന്ന് സാരം. ചില പ്രത്യേക ജോലികൾക്കായി കഴിഞ്ഞ വർഷം എഐയുടെ ഉപയോഗം 12 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം അത് 33 ശതമാനം ആണ്.
800 ജീവനക്കാരിൽ ആയിരുന്നു ഐബെക്ക് ഗവേഷണം നടത്തിയത്. ഇതിൽ 80 ശതമാനത്തോളം പേർ എഐ ഉത്പാദനക്ഷമത വർദ്ധിപ്പിച്ചതായി സാക്ഷ്യപ്പെടുത്തി. എന്നാൽ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിൽ 27 ശതമാനം പേർ ഔദ്യോഗിക പരിശീലനം നേടിയിട്ടില്ല. എഐയുടെ ഉപയോഗത്തിൽ കൂടുതൽ പരിശീലനം ആവശ്യമുള്ളത് 83 ശതമാനം പേർക്കാണ്.

