ബെൽഫാസ്റ്റ്:പിഎസ്എൻഐ ( പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ്) ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വധശ്രമത്തിനാണ് പ്രതികളായ രണ്ട് പേർക്കെതിരെ കേസ് എടുത്തത്. ഇരുവരെയും ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
ഡിക്റ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജോൺ കാൾഡ്വെല്ലിന് നേരെയാണ് വധശ്രമം ഉണ്ടായത്. 2023 ഫെബ്രുവരിയിൽ ടൈറോണിലെ ഒമാഗിൽവച്ചായിരുന്നു സംഭവം. ഇവിടെവച്ച് അദ്ദേഹത്തിന് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് 45 ഉം 25 ഉം വയസ്സുള്ള പ്രതികൾ കസ്റ്റഡിയിൽ ആയത്. ഇവർക്കെതിരെ ഭീകരവാദ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു. ഡംഗനോൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.

