ബെൽഫാസ്റ്റ്: നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിച്ച 18 കാരന് അഭിനന്ദന പ്രവാഹം. ആർഎൻഎൽഐ ലൈഫ് ഗാർഡ് കോഹൻ ക്യൂറിയ്ക്കാണ് സമയോചിതമായ ഇടപെടലിന് സോഷ്യൽ മീഡിയയിലും നേരിട്ടും അഭിനന്ദനങ്ങൾ ലഭിക്കുന്നത്. തന്റെ 18ാം ജന്മദിനത്തിൽ ആയിരുന്നു കോഹന്റെ സാഹസിക രക്ഷാപ്രവർത്തനം.
കഴിഞ്ഞ ദിവസം ആയിരുന്നു പോർട്ട്സ്റ്റൈവറ്റ് ബീച്ചിൽ നീന്താനിറങ്ങിയ സ്ത്രീ അപകടത്തിൽപ്പെട്ടത്. ഇതേസമയം തീരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു കോഹൻ . അപ്പോഴാണ് വെള്ളത്തിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീയെ കണ്ടത്. ഉടനെ രക്ഷാബോട്ടിൽ സ്ത്രീയുടെ അടുത്ത് എത്തി രക്ഷിക്കുകയായിരുന്നു.
അപ്പോഴേയ്ക്കും സ്ത്രീ വല്ലാതെ ഭയന്നിരുന്നു. തുടർന്ന് സ്ത്രീയ്ക്ക് ആവശ്യമായ പ്രാഥമിക വൈദ്യസഹായം നൽകി. തുടർന്ന് തീരത്ത് എത്തിച്ചു. ഇതിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവ സമയം ശക്തമായ തിരമാലകൾ ആയിരുന്നു അനുഭവപ്പെട്ടത്. ഇതിനിടെയായിരുന്നു 18 കാരൻ സാഹസികമായി സ്ത്രീയെ രക്ഷിച്ചത്.

