ഡബ്ലിൻ ; സെന്റ് പാട്രിക്സ് ദിനത്തോടനുബന്ധിച്ച് ലോകപ്രശസ്തമായ ബ്രേ ടു ഗ്രേസ്റ്റോൺസ് ക്ലിഫ് വാക്ക് തുറക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
വിക്ലോ കൗണ്ടി കൗൺസിലിന്റെ ക്ലിഫ് വാക്ക് മാനേജ്മെന്റ് കമ്മിറ്റിയുടെ ഏറ്റവും പുതിയ യോഗം ആവശ്യത്തിന് അംഗങ്ങൾ എത്താത്തതിനാൽ ഉപേക്ഷിച്ചു. വിക്ലോ കൗണ്ടി കൗൺസിൽ അംഗമായ ടാനൈസ്റ്റ് സൈമൺ ഹാരിസിന്റെ ടാസ്ക് ഫോഴ്സും ഫ്രണ്ട്സ് ഓഫ് ദി ക്ലിഫ് വാക്കും ബ്രേ ടു ഗ്രേസ്റ്റോൺസ് ക്ലിഫ് വാക്ക് തുറക്കാനായി പിന്തുണച്ച തീയതിയായിരുന്നു സെന്റ് പാട്രിക്സ് ദിനം.
അഞ്ച് വർഷത്തിനു മുമ്പ് അടച്ചിട്ടിരുന്ന ക്ലിഫ് വാക്ക് തുറക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അടുത്തിടെ പുനഃസംഘടിപ്പിച്ച മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഗ്രേസ്റ്റോൺസ് ഭാഗത്തെ നിർദ്ദിഷ്ട റൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട്, വരുന്ന ആഴ്ചകളിൽ, ഭൂവുടമകളുമായി കൗൺസിൽ ചർച്ചകൾ ആരംഭിക്കും. ആർപിഎസ് കൺസൾട്ടന്റ്സിന്റെ റിപ്പോർട്ടിൽ തിരിച്ചറിഞ്ഞ സുരക്ഷയ്ക്കും അപകടസാധ്യതയ്ക്കും കാരണമാകുന്ന ചരിവുകളുടെ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

