ഡബ്ലിൻ: ഹെൽത്ത് ഇൻഷൂറൻസ് നിരക്കുകൾ വർധിപ്പിച്ച് വിഎച്ച്ഐ ഹെൽത്ത്. മാർച്ച് ഒന്ന് മുതൽ പുതിയ പ്രീമിയങ്ങൾ നിലവിൽവരും. ശരാശരി മൂന്ന് ശതമാനംവരെയാണ് പ്രീമിയങ്ങൾ വർധിപ്പിക്കുക.
ആരോഗ്യപരിരക്ഷ നൽകുന്നതിന് ചിലവ് വർധിക്കുകയാണ്. ഇതേ തുടർന്നാണ് നിരക്കുകൾ വർധിപ്പിക്കുന്നത് എന്ന് വിഎച്ച്ഐ വ്യക്തമാക്കി. സ്വകാര്യ ആശുപത്രി ക്ലെയിം ചിലവുകൾ കഴിഞ്ഞ വർഷം ഏകദേശം 13 ശതമാനം വർധിച്ചതായും കമ്പനി അവകാശപ്പെടുന്നു.
രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കുമുള്ള അഡ്വാൻസ്ഡ് കെയർ ഡേ ടു ഡേ പ്ലാൻ പ്രതിമാസം 35 യൂറോയിൽ കൂടുതൽ വർധിച്ച് 6,946.57 യൂറോ ആയി ഉയരും. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് പിഎംഐ 35 13 പ്ലാൻ പ്രതിമാസം 16 യൂറോയിൽ കൂടുതൽ വർധിച്ച് 4,852.44 യൂറോ ആയി ഉയരും. അതേസമയം പബ്ലിക്പ്ലസ്കെയർ പദ്ധതികളെ ഈ വർധനവ് ബാധിക്കില്ല.

