മെറ്റബോളിക് സിൻഡ്രോം ഉള്ള സ്ത്രീകൾക്ക് ഗൈനക്കോളജിക്കൽ ക്യാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണ റിപ്പോർട്ട് . ഇതിൽ എൻഡോമെട്രിയം, അണ്ഡാശയം, സെർവിക്സ്, യോനി എന്നീ ക്യാൻസറുകൾ ഉൾപ്പെടുന്നു. ഇന്ത്യയിൽ അടുത്തിടെ നടത്തിയ ഈ പഠനം ഗുരുതരമായ മുന്നറിയിപ്പാണ് നൽകുന്നത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു കൂട്ടം ആരോഗ്യ പ്രശ്നങ്ങളാണ് മെറ്റബോളിക് സിൻഡ്രോം. ഒരു സ്ത്രീക്ക് കുറഞ്ഞത് മൂന്ന് ലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോഴാണ് ഇത് നിർണ്ണയിക്കുന്നത്: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി, മോശം കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ. മെറ്റബോളിക് സിൻഡ്രോം മൂലമുണ്ടാകുന്ന ക്യാൻസറുകൾ യുവതികളിൽ, പ്രത്യേകിച്ച് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ളവരിൽ വർദ്ധിച്ചുവരുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
കൊച്ചി അമൃത ആശുപത്രിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത്, എം.എസ്. രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണം നടത്തിയത്.ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള 25 പഠനങ്ങളുടെ മെറ്റാ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
മെറ്റബോളിക് സിൻഡ്രോം ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത ഏകദേശം രണ്ട് ഇരട്ടിയാണെന്നും അണ്ഡാശയ കാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും സെർവിക്കൽ കാൻസറിനുള്ള സാധ്യത ഏകദേശം ഇരട്ടിയാണെന്നും ഗവേഷണറിപ്പോർട്ടിൽ പറയുന്നു.
ഗവേഷണം അനുസരിച്ച്, ഇൻസുലിൻ പ്രതിരോധം, പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം എന്നിവ ശരീരത്തിൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു . ഉയർന്ന ഇൻസുലിൻ അളവ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു, പ്രത്യുൽപാദന അവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കോശാരോഗ്യത്തെ ബാധിക്കുന്നു. കൂടാതെ, WHO-IARC യുടെ GLOBOCAN 2022 റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടും ഏകദേശം 1.47 ദശലക്ഷം ഗൈനക്കോളജിക്കൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സാധാരണമായ കാൻസറുകൾ സെർവിക്കൽ, അണ്ഡാശയ കാൻസറുകളാണ്. 2022 ൽ, ഏകദേശം 1.27 ലക്ഷം സെർവിക്കൽ കാൻസറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . അതേ വർഷം 80,000 സ്ത്രീകൾ ഈ കാൻസർ ബാധിച്ച് മരണപ്പെട്ടു.

