ഈ വേനൽക്കാലത്ത് താപനില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിൽ നല്ല രീതിയിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ പലർക്കും അനുഭവപ്പെടുന്നുണ്ട്.
ശരീരത്തിലെ ജലാംശം നിലനിർത്താനും ശരീരം തണുപ്പിക്കാനും പലരും ഈ സമയത്ത് ധാരാളം തണുത്ത വെള്ളം കുടിക്കുന്നു. ഇത് അല്പനേരം ആശ്വാസം നൽകുമെന്നത് ശരിയാണ് . പക്ഷേ വേനൽക്കാലത്ത് എല്ലാ ദിവസവും തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
വെയിലേറ്റ് ക്ഷീണീച്ച് ഒരാൾ വീട്ടിലേക്ക് വരുമ്പോൾ, അയാളുടെ ശരീരം ഉയർന്ന താപനിലയിലാകും ഉണ്ടാകുക . അത്തരമൊരു സാഹചര്യത്തിൽ, തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ആഘാതം ഉണ്ടാക്കുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളെ ബാധിക്കുകയും ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പുറത്തുനിന്നുള്ള തണുത്ത മൂലകത്തെ സാധാരണ താപനിലയിലേക്ക് കൊണ്ടുവരാൻ ശരീരം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് ഗ്യാസ്, ദഹനക്കേട്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിനുപുറമെ, തൊണ്ടവേദന, വിറയൽ, തലവേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.
വേനൽക്കാലത്ത് അമിതമായ അളവിൽ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കും. നട്ടെല്ലിലെ പല നാഡികളെയും ഇത് ബാധിക്കും.ഒപ്പം തലച്ചോറിനെയും ബാധിക്കുന്നു.ഇത് ജലദോഷത്തിനും പനിക്കും കാരണമാകും. വേഗത്തിൽ ശരീരഭാരം കുറയ്ക്കണമെന്നുള്ളവരും, ഫ്രിഡ്ജിലെ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ദൃഢമാകാൻ കാരണമാവുകയും ശരീരഭാരം കുറയ്ക്കുന്നതിന് തടസ്സമാകുകയും ചെയ്യും.

