കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം . എന്നാൽ നടൻ ബോബി കുര്യൻ ഉൾപ്പെടെയുള്ളവർക്ക് അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകി. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചത് ബോബി കുര്യൻ ആണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അന്വേഷണത്തിൽ കണ്ടെത്താൻ ആയില്ല.
രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയുടെ സെറ്റിലാണ് പീഡനശ്രമം നടന്നത്. സെറ്റിൽ ഉണ്ടായിരുന്ന അംഗങ്ങളെയും മറ്റുള്ളവരെയും എസ്ഐടി ചോദ്യം ചെയ്തു. ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്നും സംവിധായകനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
പോലീസ് നേരത്തെ ബോബി കുര്യനെ ചോദ്യം ചെയ്തിരുന്നു. രഞ്ജിത്തിനെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ താനോ മറ്റുള്ളവരോ അറിഞ്ഞുകൊണ്ട് സഹായിച്ചിട്ടില്ലെന്നാണ് ബോബി കുര്യൻ പൊലീസിനോട് പറഞ്ഞത്. അതേസമയം ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 31 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സിനിമാ സെറ്റിലെ കാരവാനിൽ വച്ച് അനുചിതമായി പെരുമാറി എന്നാണ് കേസ്. ജനുവരി 30 നാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുണ്ട്.

